യുവാവിനെ പമ്പാ നദിയിൽ കാണാതായിട്ട് 12 ദിവസം
വിതുര : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊളിക്കോട് പുളിമൂട് സ്വദേശിയായ അനസ്(31) പന്ത്രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാമറയത്ത്. കഴിഞ്ഞ 13 ന് കാഞ്ഞീറ്റുകര മൂഴിക്കൽ കടവിനും തോട്ടാവള്ളിൽ കടവിനും ഇടയിൽ നദിയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടു എന്നാണ് വിവരം. ശക്തമായ മഴ ആയതിനാൽ ആ സമയം നദി നിറഞ്ഞൊഴുകുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും തെരഞ്ഞെങ്കിലും അനസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അടയ്ക്ക ശേഖരിക്കുന്ന ജോലി കഴിഞ്ഞ് 13 ന് വൈകിട്ട് അഞ്ചരയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ആണ് അനസ് നദിയിൽ കുളിക്കാന്‍ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇദ്ദേഹത്തെ കൈയിൽ പിടിച്ചു വലിച്ചു കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയി.
റാന്നി ഫയർ ഫോഴ്സും പത്തനംതിട്ട സ്കൂബാ ടീമും ചേർന്നു തിരച്ചിൽ നടത്തിയെങ്കിലും ഒഴുക്ക് ശക്തമായതോടെ ഫലമുണ്ടായില്ല. സ്കൂബ ടീം തെരഞ്ഞെങ്കിലും നദിയിലെ അടിയൊഴുക്കും അടിത്തട്ടിലെ പാറക്കെട്ടുകളും പ്രതികൂലമായി. അനസിനായി തെരച്ചിൽ തുടരുകയാണ്.
മൊത്ത വിലയ്ക്ക് അടയ്ക്ക, ചക്ക, റംബൂട്ടാൻ, മാങ്ങ തുടങ്ങിയ സാധനങ്ങൾ വാങ്ങുന്നതിനും ശേഖരിക്കുന്നതിനുമാണ് അനസ് പത്തനംതിട്ടയിൽ എത്തിയത്. സജില ആണ് ഭാര്യ . ആറും രണ്ടും വയസുള്ള മക്കളുണ്ട്.